Showing posts with label ടി. പി. ചന്ദ്രശേഖരന്. Show all posts
Showing posts with label ടി. പി. ചന്ദ്രശേഖരന്. Show all posts
| (Mangalam May 6, 2012) |
| Text Size: |
| ഒഞ്ചിയം: രക്ഷാപ്രവര്‍ത്തനത്തിന് ആരും എത്തില്ലെന്നുറപ്പുള്ള സ്ഥലം തെരഞ്ഞെടുത്താണു അക്രമികള്‍ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. നാദാപുരം-വടകര റൂട്ടില്‍ വള്ളിക്കാട് ജനസാന്നിധ്യമില്ലാത്ത പ്രദേശമാണ്. വള്ളിക്കാട് അങ്ങാടിയില്‍ ഒന്‍പതര വരെ മാത്രമേ ജനങ്ങളുണ്ടാകൂ. വ്യാപാരസ്ഥാപനങ്ങള്‍ വരെ പൂര്‍ണമായും ഒന്‍പതരയോടെ അടയ്ക്കും. വാഹനങ്ങള്‍ ഈ റൂട്ടിലൂടെ രാത്രിയില്‍ അധികം ഓടാറില്ല. അക്രമം ആസൂത്രണം ചെയ്തവര്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാണു വള്ളിക്കാടിനെ തെരഞ്ഞെടുത്തത്. ഒഞ്ചിയം റോഡില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പദ്ധതി പരാജയപ്പെട്ടേക്കാമെന്ന ആശങ്കയാണു അക്രമികളെ വള്ളിക്കാട് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. അക്രമം നടന്ന സ്ഥലത്തുനിന്ന് എളുപ്പത്തില്‍ ഹൈവേയില്‍ എത്താമെന്നതും അക്രമികള്‍ അനുകൂലഘടകമായി കണ്ടതായി പോലീസ് പറഞ്ഞു. |
| (Mangalam May 6, 2012) |
| Text Size: |
| കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക പങ്ക് വഹിച്ച സ്ഥലമാണ് ഒഞ്ചിയം. 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്ത് നടന്ന വെടിവയ്പില്‍ മരിച്ച എട്ടുപേരുടെ അടിത്തറയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പ്രദേശത്താകെ സ്വാധീനം ഉറപ്പിച്ചത്. കുറുമ്പ്രനാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റ് സംഘാടകനും സാമൂഹ്യസേവനതല്‍പരനുമായിരുന്ന മണ്ടോടി കണ്ണന് എന്ന എം.കെ. കണ്ണനായിരുന്നു ഒഞ്ചിയത്തെ അന്നത്തെ നേതാവ്. ഒരുപാട് പോലീസ് മര്‍ദനങ്ങളേറ്റിട്ടും സാഹസികമായി മുന്നോട്ടുപോയ കണ്ണനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസുകാര്‍ ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടിക്കൊല്ലുകയായിരുന്നു. പോലീസുകാര്‍ ചവിട്ടിപ്പുറത്തേക്കൊഴുക്കിയ ചോരകൊണ്ട് എം.കെ. കണ്ണന് സെന്‍ട്രല്‍ ജയിലിന്റെ വെള്ളച്ചുമരില്‍ ചെങ്കൊടി വരച്ചുപോലും. ഇങ്ങനെ മരിച്ച ഈ നേതാവിനെയും ഒഞ്ചിയത്തുകാര്‍ ഒഞ്ചിയം രക്തസാക്ഷികളുടെ കൂട്ടത്തിലാണ് പെടുത്തുന്നത്. ഒഞ്ചിയത്തെ രക്തസാക്ഷികള്‍ ഒമ്പതു പേരാണ്: അളവക്കന്‍ കൃഷ്ണന്, കെ.എം. ശങ്കരന്, വി.പി. ഗോപാലന്, വട്ടക്കണ്ടി രാഘൂട്ടി, സി.കെ. ചാത്തു, മേനോന് കണാകരന്‍ എന്ന പടിഞ്ഞാറേ മീത്തല്‍ കണാരന്, പുറവില്‍ കണാരന്, പാറോള്ളതില്‍ കണാരന്, എം.കെ. കണ്ണന് എന്നിവരാണ് ഇവര്‍. ഒഞ്ചിയത്തെ വെടിവയ്പോടെ ഒഞ്ചിയം കമ്യൂണിസ്റ്റുകാരുടെ നാടായി. കേരളത്തില്‍ പാര്‍ട്ടിഗ്രാമം എന്ന ആശയം ഉടലെടുക്കുന്നതുതന്നെ ഒഞ്ചിയത്തുനിന്നാണെന്നു പറയാം. കാലം ചെങ്കൊടിയെ രണ്ടാക്കിയപ്പോള്‍ സി.പി.എം സി.പി.ഐയ്ക്ക് അയിത്തം കല്പിച്ച് ഒഞ്ചിയത്തെ തങ്ങളുടെ നാടാക്കി. ഇവിടെ അതേ സി.പി.എമ്മില്‍നിന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (റവലൂഷണറി) രൂപംകൊണ്ടത്. ഇതാണ് ഒഞ്ചിയത്തിന്റെ ഇപ്പോഴത്തെ ഒന്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ പാര്‍ട്ടിക്ക് രൂപം നല്‍കിയത് ടി.പി. ചന്ദ്രശേഖരനായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഒഞ്ചിയത്ത് അപ്രസക്തമാക്കിയെന്നു തന്നെ പറയാം. പാര്‍ട്ടിയിലെ കടുത്ത വി.എസ്. പക്ഷപാതിയായിരുന്ന അദ്ദേഹം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒഞ്ചിയത്തിനു പിന്നാലെ വടകര താലൂക്കിലും കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ചന്ദ്രശേഖരന്റെ പാര്‍ട്ടിയോടു സി.പിഎമ്മിനു അടിയറവ് പറയേണ്ടിവന്നു. സി.പി.എം. നേതാക്കളുടെ നയങ്ങളിലും പ്രവര്‍ത്തനരീതികളിലും വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഒഞ്ചിയത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടത്. തുടക്കം മുതലേ ഇവരെ സി.പി.എം. അതിശക്തമായിത്തന്നെ നേരിട്ടിരുന്നു. കടുത്ത ഫാസിസ്റ്റ് രീതി അനുവര്‍ത്തിച്ചുവരുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്തുവന്ന് ജനാധിപത്യ രീതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുകയാണ് തങ്ങളെന്നായിരുന്നു ചന്ദ്രശേഖരന് പുതിയ പാര്‍ട്ടിയെപ്പറ്റി പറഞ്ഞിരുന്നത്. സംസ്ഥാനമൊട്ടാകെ സി.പി.എം. വിട്ടുവരുന്നവര്‍ക്ക് ആവേശം പകരാനും ചന്ദ്രശേഖരനെത്തിയിരുന്നു. സി.പി.എമ്മിനെ വെല്ലുവിളിച്ച് താഴേത്തട്ടില്‍നിന്നു തന്നെ പാര്‍ട്ടി കെട്ടിപ്പടുത്ത ചന്ദ്രശേഖരനും കൂട്ടരും തങ്ങളിലേക്ക് ഒഴുകിയെത്തിയ പ്രവര്‍ത്തകരുടെ എണ്ണംകൊണ്ട് സി.പിഎമ്മിനെ കടുത്ത സമ്മര്‍ദത്തിലാക്കി. ഒഞ്ചിയം രക്തസാക്ഷിദിനം നടത്തിയും ചന്ദ്രശേഖരനും കൂട്ടരും കരുത്തുകാട്ടി. പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ വീടുകള്‍ക്കുനേരേ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും ഒഞ്ചിയത്ത് സി.പി.എം. നേരത്തേ അക്രമം അഴിച്ചുവിട്ടിരുന്നു. കൊന്നിട്ടായാലും പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് നേതാക്കള്‍ ഒഞ്ചിയത്തു വന്നു പ്രസംഗിച്ചത്. പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്ന് പിണറായി വിജയന് ഒഞ്ചിയത്തെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. പാര്‍ട്ടിയോടു കളിക്കുകയും പാര്‍ട്ടിയില്‍നിന്നു വിട്ടുപോവുകയും ചെയ്യുന്നവരുടെ കാലും കയ്യും തല്ലിയൊടിച്ചുകളയുമെന്ന് ഇ.പി. ജയരാജന് ഒഞ്ചിയത്തു പറഞ്ഞു. ഒഞ്ചിയത്ത് ആയിരക്കണക്കിന് സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളുമ്പോള്‍ ശക്തമായ ഒരിടതുപക്ഷ ബദലിന് രൂപം നല്‍കുംവിധം ഒരു പുതിയ പ്രസ്ഥാനമുണ്ടാകുമെന്നു സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ഒഞ്ചിയം സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത് ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിനുറുക്കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. 2009 നവംബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂക്കര ബസാറില്‍ നടുറോഡിലിട്ട് വെട്ടി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്കു ജീവനെടുക്കാനായില്ല. മരണത്തോട് മല്ലടിച്ച ജയരാജന് ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡന്റായി റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. 2010 മാര്‍ച്ച് 19ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ.കെ. ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന ജയന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത് നിരവധിപ്പേര്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പേര് കള്ളക്കേസില്‍ പ്രതികളായിട്ടുണ്ട്. നുണപ്രചരണങ്ങള്‍, ഭീഷണി, തൊഴില്‍ നിഷേധം, എന്തിന് കല്യാണം മുടക്കല്‍വരെ റവല്യൂഷണറിക്കാര്‍ക്കെതിരേ സി.പി.എം. പ്രയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ചു വടകരയില്‍ 21,833 വോട്ട് നേടിയ ചന്ദ്രശേഖരന് അന്നേ സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്തിന്റെ ഭരണവും റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേടിയിരുന്നു. നാല്‍പ്പത്തിയഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ഇവിടെ പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. മൊത്തം പതിനേഴ് വാര്‍ഡില്‍ എട്ടിടത്ത് പാര്‍ട്ടി വിജയിക്കുകയും ചെയ്തു. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഒഞ്ചിയം വഴിത്തിരിവിലെത്തി നില്‍ക്കുകയയാണ്. |
| (Mangalam May 6, 2012) |
| Text Size: |
| തിരുവനന്തപുരം: ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട കൊടി സുനിക്കു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് കൊടി സുനി. ഇയാള്‍ സി.പി.എം. അനുഭാവിയാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. സുനിയാണു സംഭവത്തിനു പിന്നിലെന്ന് കസ്റ്റഡിയിലായവരില്‍നിന്നു പോലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സുനിയുടെ അടുത്ത സുഹൃത്ത് റഫീഖ് കേസില്‍ ഉള്‍പ്പെട്ടത് അന്വേഷണം പല ദിശയിലേക്കും തിരിച്ചുവിടാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറുപത്തെട്ടോളം പേര് കസ്റ്റഡിയിലുണ്ട്. ഒഞ്ചിയത്ത് റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. സി.പി.എം. സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്തതിന്റെ ഇരട്ടിയോളം ആള്ക്കാര് ഇടതുപക്ഷ ഏകോപന സമിതി വിളിച്ചുചേര്‍ത്ത യോഗത്തിന് എത്തിയിരുന്നു. ചന്ദ്രശേഖരന്റെ സംഘാടക മികവ് സി.പി.എമ്മിനു ഭീഷണി സൃഷ്ടിച്ചതായും അന്വേഷണ സംഘം കരുതുന്നു. യഥാര്‍ഥ പ്രതികള്‍ക്കുവേണ്ടി കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടക ഡി.ജി.പിക്കും ഇവരെക്കുറിച്ചു വിവരങ്ങള്‍ കൈമാറി. കൊലപാതകം നടത്തിയശേഷം തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ കഴുകി വൃത്തിയാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പതിനഞ്ചുപേര്‍ പങ്കാളികളാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ദേഹത്ത് അമ്പതിലേറെ മുറിവുകള്‍ കോഴിക്കോട്: അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ ദേഹത്ത് അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള അമ്പതോളം മുറിവുകളും തലച്ചോര്‍ വെട്ടേറ്റ് തകര്‍ന്നതുമാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കും മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടേറ്റത്. വടിവാള്‍ കൊണ്ടാണു വെട്ടിയിരിക്കുന്നത്. തലയോട്ടിയില്‍ രണ്ടിഞ്ചോളം തുളച്ചുകയറി തലച്ചോര്‍ തകര്‍ത്തുകൊണ്ടുള്ള മുറിവുകളാണ് അധികവും. വടിവാളിനൊപ്പം മഴു പോലുള്ള ഭാരമുള്ള ആയുധം ഉപയോഗിച്ച് വെട്ടിയതായും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. എസ്. നാരായണന് |