Wednesday, February 15, 2012

മിച്ചഭൂമി സമരം പ്രഹസനം ആയിരുന്നൂവെന്ന് ചന്ദ്രപ്പന്‍



സി.പി.എമ്മിനെതിരെ വീണ്ടും സി.പി.ഐ. (MATHRUBHUMI)

തിരുവനന്തപുരം: സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് സി.പി.എം. നടത്തിയ മിച്ചഭൂമിസമരം പ്രഹസനമായിരുന്നൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. മുന്‍ മുഖ്യമന്ത്രിയും സി.പി.ഐയുടെ പ്രമുഖ നേതാവുമായിരുന്ന സി. അച്യുതമേനോന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സി.പി.ഐ. മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് സി.പി.എം. നേതൃത്വം ഐതിഹാസികമെന്ന് വിശേഷിപ്പിക്കുന്ന സമരത്തെ സമരപ്രഹസനമെന്ന് ചന്ദ്രപ്പന്‍ ചിത്രീകരിച്ചിരിക്കുന്നത്.

പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍നിന്നും ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികൂല പരാമര്‍ശം വന്നപ്പോള്‍ അദ്ദേഹം വിജിലന്‍സ്‌വകുപ്പിന്റെ ചുമതല ഒഴിഞ്ഞാല്‍ മാത്രം മതിയെന്ന് പറഞ്ഞതിന്റെ പേരില്‍ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തി രണ്ടുദിവസത്തിനുശേഷമാണ് സി.പി.എമ്മിനെതിരെ സി.കെ.ചന്ദ്രപ്പന്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോഴും തുടരാന്‍ കഴിയുന്നതിന് ഉമ്മന്‍ചാണ്ടി നന്ദി പറയേണ്ടത് കോടിയേരി ബാലകൃഷ്ണനോട് മാത്രമാണെന്നായിരുന്നു ചന്ദ്രപ്പന്റെ കുറ്റപ്പെടുത്തല്‍. ഇതുവരെ പൂര്‍ത്തിയായ സി.പി.ഐ. ജില്ലാ സമ്മേളനങ്ങളിലെല്ലാം സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണിയെക്കൊണ്ട് സി.പി.ഐയ്ക്കും ഇടതുപക്ഷത്തിനും യാതൊരു പ്രയോജനവുമില്ലെന്ന വിമര്‍ശനം ശക്തിയായി ഉയരുന്ന സാഹചര്യത്തിലാണ് ചന്ദ്രപ്പന്റെ സി.പി.എം. വിരുദ്ധ പരാമര്‍ശങ്ങളെന്നത് ശ്രദ്ധേയമാണ്.

1979-ലെ സി.പി.ഐയുടെ ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് ഇടതുപക്ഷ ഐക്യത്തിനുവേണ്ടി പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച്, കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍നിന്നും സി.പി.ഐ. പുറത്തുവന്ന് സി.പി.എമ്മുമായി കൈകോര്‍ത്തത്.

1980-ല്‍ നിലവില്‍വന്ന ഇന്നത്തെ രൂപത്തിലുള്ള ഇടതുമുന്നണിയെക്കൊണ്ട് സി.പി.ഐയേ്ക്കാ ഇടതുമുന്നണിക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും നക്‌സലൈറ്റുകള്‍, മാവോയിസ്റ്റുകള്‍ എന്നിവരടക്കം രാജ്യത്തെ നല്ലൊരു വിഭാഗം ഇടതുപക്ഷക്കാരെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്നും അകറ്റാനും ഈ മുന്നണി ഇടയാക്കിയെന്നുമാണ് സി.പി.ഐ. സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

എല്ലാവര്‍ക്കും സ്വീകാര്യമായ വിധത്തില്‍ ഒരു ഐക്യമുന്നണിയെ എങ്ങനെ നയിക്കാം എന്ന് കാട്ടിത്തന്നതാണ് സി.അച്യുതമേനോന്റെ ഏറ്റവും വലിയ നേട്ടം എന്നാണ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ സി.കെ. ചന്ദ്രപ്പന്‍ വിശദീകരിക്കുന്നത്. സി.പി.ഐയും കോണ്‍ഗ്രസും ചേര്‍ന്ന സര്‍ക്കാരിനെയാണ് സി.അച്യുതമേനോന്‍ നയിച്ചിരുന്നത്.

അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അച്യുതമേനോന്റെയും അച്യുതമേനോന്‍ സര്‍ക്കാരിന്റെയും നേട്ടങ്ങള്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി എടുത്തുകാട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനോടൊപ്പം അക്കാലത്ത് പ്രതിപക്ഷമായിരുന്ന സി.പി.എമ്മിനെതിരെ ഒളിയമ്പുകളെയ്യുമ്പോള്‍ അതിന് പിന്നില്‍ പ്രത്യേക കണക്കുകൂട്ടലുകള്‍ ഉണ്ടാകുമെന്നുതന്നെ സംശയിക്കണം.

അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണനിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാരിനോട് അന്ധമായ രാഷ്ട്രീയവിരോധം വെച്ചുപുലര്‍ത്തിയ അന്നത്തെ പ്രതിപക്ഷം മതിലുചാട്ടവും വേലികെട്ടലുമുള്‍പ്പെടെയുള്ള ചില സമരപ്രഹസനങ്ങള്‍ നടത്തിയെന്നാണ് ലേഖനത്തില്‍ ചന്ദ്രപ്പന്റെ കുറ്റപ്പെടുത്തല്‍.
 

blogger templates | Make Money Online