Wednesday, February 15, 2012

'അപമാനിക്കരുത്... പൊറുക്കില്ലിനി'


'അപമാനിക്കരുത്... പൊറുക്കില്ലിനി'
Posted on: 12 Feb 2012

സി.ഇ.വാസുദേവ ശര്‍മ്മ(MATHRUBHUMI 12 EFB 2012)


കൊല്ലം: അപമാനിതരുടെ ആക്രോശമായി സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തിലെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ എം.എല്‍.എ.യുടെ സ്വാഗതപ്രസംഗം. സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍നിന്ന് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിഹാസങ്ങള്‍ക്കുനേരെ അണപൊട്ടിയൊഴുകിയ അഗ്‌നിപ്രവാഹമായി അത് മാറി.

'നൊമ്പരപ്പെടുത്തരുത്, അവഹേളിക്കരുത്, അപമാനിക്കരുത്... പൊറുക്കില്ല ഇനി... ത്യാഗം സഹിച്ചവരാണ് ഞങ്ങള്‍. പാര്‍ട്ടി ഭിന്നിച്ച ദിവസംമുതല്‍ ആരുടെയും സൗജന്യത്തിലല്ല... പൊരുതി കഴിയുന്നവരാണ് ഞങ്ങള്‍... പാര്‍ട്ടിയില്‍ അന്തിത്തിരി കൊളുത്താന്‍ ആളില്ലാതാവുമെന്ന് പറഞ്ഞവരോട് ചോദിക്കട്ടെ... അതിന് കാലം നല്‍കും ഉജ്വല മറുപടി' -ദിവാകരന്റെ വാക്കുകളുടെ മൂര്‍ച്ച അണികളില്‍ ആവേശമായി പടര്‍ന്നു.

പി.കെ.വി.മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞ കാര്യവും സി.ദിവാകരന്‍ ഓര്‍മ്മിപ്പിച്ചു. അതിനുശേഷമാണ് തങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്ക് അധികാരം കിട്ടിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചന്ദ്രപ്പനെ ഡാങ്കെയുടെ അനുയായിയെന്ന് പറഞ്ഞതില്‍ കുഴപ്പമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച ഒന്നാന്തരം നേതാവല്ലേ ഡാങ്കേ.

കോണ്‍ഗ്രസ്സിന്റെ വാലാണെന്ന വിമര്‍ശനത്തിനായിരുന്നു അടുത്ത മറുപടി. 'ഞങ്ങളെ അധികം പുറകോട്ട് കൊണ്ടുപോകരുത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിക്കെതിരെ ഇങ്ങനെ ഒരു ഭാഷ ഉപയോഗിക്കാമോ? ബി.ജെ.പി.ക്കെതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്നുണ്ടോ? ആര്‍ക്കെങ്കിലും എതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്നുണ്ടോ? ദിവാകരന്‍ അരിശംകൊണ്ടു.

'ഞങ്ങള്‍ എല്ലാം അവസാനിപ്പിക്കുകയാണ്. ഒരു വിവാദത്തിന് ഇല്ല' എന്ന് പറഞ്ഞുകൊണ്ടാണ് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ ദിവാകരന്‍ തന്റെ കര്‍ത്തവ്യമായ സ്വാഗതപ്രസംഗത്തിലേക്ക് കടന്നത്.

തുടര്‍ന്നു നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി.കെ.ചന്ദ്രപ്പന്‍ വിവാദത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കി. യു.പി.എ.യ്ക്കും യു.ഡി.എഫിനും എതിരായ പോരാട്ടം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒട്ടേറെ രംഗങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അതോരോന്നും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാവിലെ നടന്ന പത്രസമ്മേളനത്തില്‍ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ തയ്യാറായെങ്കിലും പൊതുയോഗത്തിലെ പ്രസംഗത്തില്‍ ചന്ദ്രപ്പന്‍ വിവാദപ്രസ്താവനകള്‍ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് വ്യക്തം. ഇവന്റ് മാനേജ്‌മെന്റ് പരാമര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട് തങ്ങളുടെ പാര്‍ട്ടി സമ്മേളനം സാധാരണക്കാരുടെ പണംകൊണ്ടാണ് നടത്തുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിനെ പുറത്താക്കാന്‍ എല്‍.ഡി.എഫ്.ശക്തമാകണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദ്ദന്‍ പറഞ്ഞു. എല്‍.ഡി.എഫ്. ശക്തമാകണമെങ്കില്‍ കരുത്തുറ്റ സി.പി.ഐ. ഉണ്ടാകണം. സി.പി.ഐ.യെ ശക്തമാക്കാനുള്ള രാഷ്ട്രീയ കരുത്ത് ചന്ദ്രപ്പനുണ്ടെന്നും ബര്‍ദ്ദന്‍ പറഞ്ഞു.

നേരത്തേ റെഡ് വളണ്ടിയര്‍മാരുടെ അഭിവാദ്യം നേതാക്കള്‍ സ്വീകരിച്ചു. സമ്മേളനം തുടങ്ങിയ ശേഷവും പൊതുപ്രകടനം പൂര്‍ണ്ണമായി കന്‍േറാണ്‍മെന്റ് മൈതാനത്ത് എത്തിയിരുന്നില്ല. കോരിച്ചൊരിഞ്ഞ മഴയെത്തുടര്‍ന്ന് സമ്മേളനത്തിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
 

blogger templates | Make Money Online