ലാവലിന്‍ കേസ് സി.പി.എം. ഗൗരവമായി പരിശോധിക്കണം -ചന്ദ്രപ്പന്‍
കൊച്ചി:
ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം
സി.പി.എം. ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.
ചന്ദ്രപ്പന്‍ പറഞ്ഞു. ലാവലിന്‍ വിഷയം രാഷ്ട്രീയമായും സംഘടനാപരമായും
നേരിടുമെന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുമോയെന്ന് ആലോചിക്കണം. കത്തോലിക്ക
സഭയുമായുള്ള സംവാദത്തില്‍ സി.പി.എമ്മിന്റെ ഭാഷയും രീതിയും മാറണമെന്നും ഒരു
സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.
മുന്നണിയുടെ നേതാവെന്ന സി.പി.എം. മനോഭാവം ശരിയല്ല. മുന്നണിയില്‍ നിന്ന്
കക്ഷികള്‍ വിട്ടുപോകാതിരിക്കാനുള്ള ഉത്തരവാദിത്വം വലിയ പാര്‍ട്ടിക്കുണ്ട്.
പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ എല്‍.ഡി.എഫിന് കൂടുതല്‍
നേട്ടമുണ്ടാക്കാന്‍ കഴിയും. പി.ഡി.പി.യുമായി സഹകരിച്ചത് സി.പി.എം.
തീരുമാനമായിരുന്നുവെന്നും ഒരു കാലത്തും എല്‍.ഡി.എഫിന് യോജിച്ചുപോകാന്‍
പറ്റാത്ത കക്ഷിയാണ് പി.ഡി.പി. എന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സി.പി.എമ്മിലെ
വിഭാഗതീയത നിര്‍ഭാഗ്യകരമാണ്.
ഇതില്‍ സി.പി.ഐ. കക്ഷിചേര്‍ന്നിട്ടില്ല. വി.എസിനോട് പ്രത്യേക അനുഭാവം
സി.പി.ഐ. പുലര്‍ത്തിയിട്ടില്ല. നന്നായി ഭരിച്ചിട്ടും തിരഞ്ഞെടുപ്പില്‍
എന്തുകൊണ്ട് എല്‍.ഡി.എഫ്. തോറ്റു എന്ന് ആലോചിക്കണം. മധ്യവര്‍ഗത്തെ കൂടെ
നിര്‍ത്താന്‍ കഴിയാത്തതിനെ കുറിച്ചും ഇടതുപക്ഷത്തിന്റെ ജനങ്ങളോടുള്ള
പെരുമാറ്റത്തെ കുറിച്ചും ആലോചന വേണം. ഇന്ത്യന്‍ ഇടതുപക്ഷം പ്രശ്‌നങ്ങള്‍
നേരിടുന്ന സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം
ആവശ്യമാണെന്നും സി.കെ. ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.
സി.പി.ഐ. സെക്രട്ടറിയായി ഒരാഴ്ച മുമ്പ് മാത്രം ചുമതലയേറ്റ ചന്ദ്രപ്പന്‍
സി.പി.എം. വിഷയത്തില്‍ ഇതാദ്യമായാണ് അഭിപ്രായം പറയുന്നത്. സി.പി.എമ്മിനെ
സംബന്ധിച്ചിടത്തോളം തൊട്ടാല്‍ പൊള്ളുന്ന ലാവലിന്‍ കേസില്‍ സി.പി.ഐയുടെ
പുതിയ നേതാവ് നടത്തിയ അഭിപ്രായ പ്രകടനത്തോട് സി.പി.എം. എങ്ങനെ
പ്രതികരിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. വരും ദിവസങ്ങളില്‍ ഈ
പ്രസ്താവന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്.
ചന്ദ്രപ്പന്റെ പരാമര്‍ശം വീണ്ടും രാഷ്ട്രീയപ്രശ്‌നമാകുന്നു
എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ് ഇടതുമുന്നണിയില്‍
വീണ്ടും രാഷ്ട്രീയ പ്രശ്‌നമായി മാറുന്നു. ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ
വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സി.പി.എം. ഗൗരവമായി
പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ
പരസ്യപ്രസ്താവന നല്‍കുന്ന സൂചന അതാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ
അഭിമുഖത്തിലാണ് സി.കെ.ചന്ദ്രപ്പന്റെ പരാമര്‍ശം. എസ്.എന്‍.സി. ലാവലിന്‍
കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.പി.എം.
കേന്ദ്രനേതൃത്വം പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ദിവസംതന്നെയാണ്
സി.കെ.ചന്ദ്രപ്പന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
എസ്.എന്‍.സി. ലാവലിന്‍ കേസ് സംബന്ധിച്ച പ്രശ്‌നത്തില്‍ സി.പി.എം.
നിലപാടിനൊപ്പമല്ല, സി.പി.ഐ. എന്നതിന്റെ പരോക്ഷ പ്രഖ്യാപനമാണ്
സി.കെ.ചന്ദ്രപ്പന്‍ നടത്തിയിരിക്കുന്നത്. വെളിയം ഭാര്‍ഗവന്‍
സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പദവി
ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്ന
ചന്ദ്രപ്പന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്നും
വ്യത്യസ്തമായി വിവാദപ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സി.പി.ഐ.
സ്വീകരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ചന്ദ്രപ്പന്റെ പുതിയ പ്രസ്താവന.
ലാവലിന്‍ വിഷയം രാഷ്ട്രീയമായി നേരിടുമെന്ന സി.പി.എം. നിലപാട് ജനങ്ങള്‍
അംഗീകരിക്കുന്നുണ്ടോയെന്ന് ആലോചിക്കണമെന്നും ചന്ദ്രപ്പന്‍
ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും
നേരിടുമെന്നത് സി.പി.എം കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച നിലപാടാണ്. ഇത്
ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോയെന്ന് ആലോചിക്കണമെന്നാണ് സി.പി.ഐ. നേതൃത്വം
ആവശ്യപ്പെടുന്നത്.
കത്തോലിക്കാ സഭയോട് സി.പി.എം. സ്വീകരിച്ച നിലപാടിനോട് സി.പി.ഐ.യ്ക്കുള്ള
വിയോജിപ്പും ചാനല്‍ അഭിമുഖത്തില്‍ സി.പി.ഐ. സെക്രട്ടറി
പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍
എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്കുള്ള മുഖ്യകാരണം ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ
അകല്‍ച്ചയാണെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.
കത്തോലിക്കാ സഭയുമായുള്ള സംവാദത്തില്‍ സി.പി.എമ്മിന്റെ ഭാഷയും രീതിയും
മാറണമെന്നാണ് സി.കെ.ചന്ദ്രപ്പന്‍ അഭിമുഖത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.