Thursday, July 1, 2010

സ്വത്വബോധവും സ്വത്വ രാഷ്ട്രീയവും

Chintha article
സ്വത്വബോധവും സ്വത്വ രാഷ്ട്രീയവും
പിണറായി വിജയന്‍

സ്വത്വബോധം, സ്വത്വ രാഷ്ട്രീയം എന്നിവ സമീപ കാലത്താണ് നമ്മുടെ നാട്ടില്‍ പ്രയോഗിക്കപ്പെടുന്നത്. നാടുവാഴിത്ത സമൂഹത്തില്‍ ജാതി, മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിലാണ് ആളുകളെ ചേരിതിരിച്ചിരുന്നത്. നാടുവാഴിത്ത വ്യവസ്ഥയെ തള്ളിമാറ്റി മുതലാളിത്ത വ്യവസ്ഥ നിലവില്‍ വന്നപ്പോള്‍ ജാതിക്കും മതത്തിനും വംശത്തിനും മറ്റും പഴയതുപോലെ പ്രസക്തി ഇല്ലാതായി. ജനങ്ങള്‍ പുതിയതരം തൊഴിലുകളുടെ അടിസ്ഥാനത്തില്‍ ചേരിതിരിയാന്‍ തുടങ്ങിയതോടെ ആയിരുന്നു അത്. അങ്ങനെ തൊഴിലാളി, കര്‍ഷകാദി വര്‍ഗങ്ങളും മറ്റ് തൊഴില്‍ ചെയ്യുന്നവരുടെ വിഭാഗങ്ങളും രൂപംകൊണ്ടു. വര്‍ഗാടിസ്ഥാനത്തിലും മറ്റുമുള്ള സംഘടനകള്‍ വളര്‍ന്നു വലുതായി. അവര്‍ മുതലാളിത്ത ശക്തികള്‍ക്കെതിരായി നിരന്തരം പോരാട്ടത്തിലാണ്.

ഈ പശ്ചാത്തലത്തിലാണ് അധഃസ്ഥിതരും പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുമായ ജനങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിക്കുന്നത് തടയാനും അവരില്‍ പഴയ ചേരിതിരിവുകള്‍ പുതിയ രീതിയില്‍ നിലനിര്‍ത്താനുമായി മുതലാളിത്ത സൈദ്ധാന്തികര്‍ സ്വത്വരാഷ്ട്രീയം എന്ന ആശയം രൂപപ്പെടുത്തിയത്. ജനങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ വിപുലമായി സംഘടിച്ച് ചൂഷകവര്‍ഗങ്ങള്‍ക്കെതിരെ പോരാടുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് വര്‍ഗാടിസ്ഥാനത്തില്‍ സംഘടിച്ചിട്ടുള്ള തൊഴിലാളി - കര്‍ഷകാദി വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ടികളും സ്വത്വരാഷ്ട്രീയത്തിന്ന് പിന്നിലുള്ള രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതിനെ എതിര്‍ക്കുന്നു. അക്കാര്യത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമില്ല; ഒരു വിട്ടുവീഴ്ചയുമില്ല.

അതേസമയം വര്‍ഗരാഷ്ട്രീയം കയ്യാളുന്നവര്‍ ഒരു വസ്തുത തിരിച്ചറിയുന്നു: വര്‍ഗ സംഘടനകളിലും മറ്റും അണിനിരന്നുകൊണ്ടിരിക്കുന്നവരില്‍ ജാതി - മതബോധങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാകും. അവ ഇല്ലാതാക്കി വര്‍ഗബോധം ഉറപ്പിക്കാന്‍ നിരന്തരമായ ആശയപഠനവും ആശയസമരവും ആവശ്യമാണ്. മറ്റൊരു വസ്തുതയും അവര്‍ തിരിച്ചറിയുന്നു. പട്ടികവിഭാഗങ്ങളിലും ന്യൂനപക്ഷ മതവിഭാഗങ്ങളിലുംപെടുന്ന പലരും സ്ത്രീകളും വര്‍ഗപരമായ ചൂഷണത്തിനും വിവേചനത്തിനും ഉപരിയായി സാമൂഹ്യമായ അടിച്ചമര്‍ത്തലും വിവേചനവും നേരിടുന്നു.

ഇവയെ നേരിടുന്നവരാണ് തങ്ങള്‍ എന്ന തിരിച്ചറിവ് അവരെ വേറിട്ട് ചിന്തിക്കാനും സംഘടിക്കാനും പ്രേരിപ്പിക്കുന്നു. അവിടെയാണ് അവരുടെ സ്വത്വബോധം രൂപപ്പെടുന്നത്. ഇങ്ങനെ സ്വാഭാവികമായി, സാമൂഹ്യവിവേചനംമൂലം രൂപപ്പെടുന്ന ബോധത്തെ സ്വത്വ രാഷ്ട്രീയമാക്കി വളര്‍ത്താനാണ് മുതലാളിത്ത സൈദ്ധാന്തികരും അവരുടെ രക്ഷാധികാരികളും കൂടി ശ്രമിക്കുന്നത്. സാമുദായിക - വര്‍ഗീയ ശക്തികളും ഇവരെ ഇതില്‍ സഹായിക്കുന്നു.

സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്നവരും വിവേചനത്തിനിരയാകുന്നവരുമായ ജനവിഭാഗങ്ങള്‍ വര്‍ഗ - ബഹുജന സംഘടനകളില്‍ ചേരുകയും വര്‍ഗ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കുകയും ചെയ്യുമ്പോഴും അവര്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍മൂലം അവരില്‍ പ്രത്യേകമായ സ്വത്വബോധം രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട് എന്ന് വര്‍ഗരാഷ്ട്രീയം കയ്യാളുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഈ രംഗത്ത് തങ്ങള്‍ക്കുണ്ടായിരുന്ന വീഴ്ച സിപിഐ എം തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്ത കാലത്ത് പാര്‍ടി സ്കൂളില്‍ ഇതു സംബന്ധിച്ച താത്വികവും പ്രയോഗപരവുമായ വശങ്ങള്‍ വിശദമാക്കി എങ്ങനെ സ്വത്വബോധത്തെയും സ്വത്വ രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന് പാര്‍ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്ന ക്ളാസ് ആരംഭിച്ചിട്ടുണ്ട്. അത് വേണ്ടത്ര മനസ്സിലാക്കാത്ത ചിലര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിലെ പാളിച്ചകളാണ് മാധ്യമങ്ങള്‍ വിവാദമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നത്തില്‍ ഒരു ആശയക്കുഴപ്പത്തിനും പ്രസക്തിയില്ല. ഇത് സംബന്ധമായി ഏത് പാര്‍ടി അംഗത്തിനും ഉണ്ടാകാവുന്ന അവ്യക്തതകള്‍ പരിഹരിക്കാനും ശരിയായ പാതയിലൂടെ മുന്നേറാനുമുള്ള ആശയവ്യക്തത പാര്‍ടിക്കുണ്ട്.

 

blogger templates | Make Money Online