Friday, June 25, 2010

തച്ചങ്കരി പിടികിട്ടാപ്പുള്ളികള്‍ക്കു സഹായവാഗ്ദാനം നല്‍കി

തച്ചങ്കരി പിടികിട്ടാപ്പുള്ളികള്‍ക്കു സഹായവാഗ്ദാനം നല്‍കി'
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന പല പിടികിട്ടാ പ്പുള്ളികളെയും സന്ദര്‍ശിച്ച് അവരുടെ ഇന്ത്യയിലേക്കുള്ള സുരക്ഷിത മടക്കം ഐജി: ടോമിന്‍ ജെ. തച്ചങ്കരി വാഗ്ദാനം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്വ ആരോപിച്ചു.

തീവ്രവാദ കേസില്‍ പിടിയിലായ തടിയന്റവിട നസീറും കൂട്ടാളികളും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയോടു തിരക്കിയതാണു തച്ചങ്കരിക്കു വിനയായത്. സ്ഥാനപതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍വീസ്ചട്ട ലംഘനത്തിനു തച്ചങ്കരിക്കെതിരെ നടപടി വേണമെന്നു നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറി മറുപടിയും നല്‍കി.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കത്തോ, ചീഫ് സെക്രട്ടറിയുടെ മറുപടിയോ പക്ഷേ, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ കാണിച്ചിട്ടില്ല. തച്ചങ്കരി വിഷയത്തില്‍ മുന്‍പത്തെപ്പോലെ തന്നെ കോടിയേരിയെ ഇരുട്ടില്‍ നിര്‍ത്തിയാണു മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സസ്പെന്‍ഷന് ഇടയാക്കിയ ഏപ്രിലിലെ ഗള്‍ഫ് യാത്രയ്ക്കു മുന്‍പ് ഫെബ്രുവരിയില്‍ നടത്തിയ ദുബായ്, ഖത്തര്‍ യാത്രകളാണു തച്ചങ്കരിക്കു വിനയായത്.

ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ഉത്തരമേഖലാ എഡിജിപി : മഹേഷ് കുമാര്‍ സിംഗയുടെയും അനുമതിയോടെയാണു യാത്ര നടത്തിയതെന്നു തച്ചങ്കരി പറഞ്ഞു. കണ്ണൂരില്‍ രമ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ ഷമ്മി കുമാറിനെയും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിന്റെ എന്ന നിലയില്‍ ചിത്രങ്ങള്‍ ഇ മെയ്ലായി വിതരണം ചെയ്ത മനോജ് എന്നയാളെയും പിടികൂടാനാണു വിദേശ യാത്രയ്ക്കായി തച്ചങ്കരി അനുമതി തേടിയത്. ഈ യാത്രയ്ക്കിടെ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്വയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന് ഇടയാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കെ. നടരാജന്‍ കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിന്ന്: തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്ത ശേഷം ഖത്തറിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഐജി : ടോമിന്‍ തച്ചങ്കരിയുടെ ഫോണ്‍ വിളി വന്നു. ഖത്തറിലെ ചില ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോദിച്ചായിരുന്നു വിളി. അതിനു ശേഷം മുന്നറിയിപ്പില്ലാതെ തച്ചങ്കരി ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണോ വന്നതെന്നു സ്ഥാനപതി ചോദിച്ചു.

ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വിദേശത്തു പോകാന്‍ അപ്പപ്പോള്‍ കേന്ദ്ര അനുമതി വാങ്ങുന്നതു ബുദ്ധിമുട്ടാണെന്നു തച്ചങ്കരി പറഞ്ഞു. കേരളത്തില്‍ നിന്ന് ഒളിച്ചോടി ഖത്തറില്‍ കഴിയുന്നവരെക്കുറിച്ചു ചോദിച്ചു. പിണറായിയെ അപകീര്‍ത്തിപ്പെടുത്തിയ മനോജിനെക്കുറിച്ചും ചോദിച്ചു. മാത്രമല്ല, ഖത്തറില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളികളെ താന്‍ തിരയുന്നതായും തച്ചങ്കരി പറഞ്ഞു. അതിനു ശേഷം കേരളത്തില്‍ നിന്നുള്ള പല പിടികിട്ടാപ്പുള്ളികളെയും തച്ചങ്കരി സന്ദര്‍ശിച്ചതായും അവരുടെ ഇന്ത്യയിലേക്കുള്ള സുരക്ഷിത മടക്കം വാഗ്ദാനം ചെയ്തതായും അവിടത്തെ ഇന്ത്യക്കാര്‍ തന്നെ അറിയിച്ചു.

അതിനാല്‍, ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചു തച്ചങ്കരിക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം- ഖത്തര്‍ സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നു. മേയ് 21ന് അയച്ച ഈ കത്ത് ചീഫ് സെക്രട്ടറി നേരേ മുഖ്യമന്ത്രിക്കു കൈമാറി. ആഭ്യന്തര മന്ത്രിയെ കത്തു കാണിക്കുകയോ, വിവരം ധരിപ്പിക്കുകയോ ചെയ്തില്ല. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചീഫ് സെക്രട്ടറി കേന്ദ്രത്തിലേക്കു മറുപടി അയച്ചു.

കേന്ദ്രം അയച്ച കത്തിന്റെ കൂടുതല്‍ വിശദാംശം നല്‍കണമെന്നാണു മുഖ്യമായ ആവശ്യം. മാത്രമല്ല, അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനു തച്ചങ്കരി ഇപ്പോള്‍ത്തന്നെ സസ്പെന്‍ഷനിലാണെന്നും കേന്ദ്രത്തെ അറിയിച്ചതായാണു സൂചന
 

blogger templates | Make Money Online