കൊച്ചി: ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്സാക്ഷിയാണെന്ന അവകാശവാദവുമായി തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍ സിബിഐക്കു മൊഴി നല്‍കി. സിബിഐയുടെ ചെന്നൈ ഓഫിസിലെത്തിയാണു സ്വന്തം കൈപ്പടയിലെഴുതിയ 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്‍കിയത്.
കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പു കാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണു ലാവ്ലിന്‍ കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക്കുമാര്‍ പറയുന്നു. ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ ദീപക് കുമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി അതീവ ഗൌരവമുള്ള ആരോപണവും സിബിഐക്കു നല്‍കിയ കുറിപ്പിലുണ്ട്.
തിരുവനന്തപുരം, കൊച്ചി, ന്യൂഡല്‍ഹി, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചും പിണറായി അടക്കമുള്ള പല പ്രതികള്‍ക്കും ദിലീപ് രാഹുലന്‍ കോഴപ്പണം കൈമാറിയിട്ടുണ്ടെന്നും ദീപക് അവകാശപ്പെടുന്നുണ്ട്.
സംസ്ഥാന മന്ത്രിയായിരുന്ന കാലത്തു പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിനു കോടികള്‍ നഷ്ടപ്പെട്ടതായുള്ള കേസിലാണു പിണറായി വിജയന്‍ ഇപ്പോള്‍ ഏഴാം പ്രതിയായി വിചാരണ നടപടികള്‍ നേരിടുന്നത്.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന്‍ കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ദീപക്കിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ സംബന്ധിച്ചു സിബിഐ അന്വേഷിക്കുമെന്നാണ് അറിയുന്നത്. ലാവ്ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്നും ദീപക് ആരോപിക്കുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പസഫിക് കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തില്‍ ലാവ്ലിന്‍ കേസിലെ പല പ്രതികളുടെ അടുത്ത ബന്ധുക്കള്‍ക്കും ദിലീപ് രാഹുലന്‍ ജോലി നല്‍കിയതായും ആരോപണമുണ്ട്. ലാവ്ലിന്‍ ഇടപാടു കാലത്തു കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനു ചെന്നൈയിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കാനുള്ള പണം നല്‍കിയതായും ഈ ഉദ്യോഗസ്ഥനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ പിന്നീടു കേസില്‍ പ്രതി ചേര്‍ത്തതായും ദീപക് വെളിപ്പെടുത്തിയിട്ടുണ്ട്.
ബിസിനസില്‍ വിശ്വാസവഞ്ചന കാട്ടിയതിനെ തുടര്‍ന്നാണു ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞതെന്നും ദീപക്കുമാര്‍ സിബിഐയെ അറിയിച്ചു.