ഡി.വൈ.എഫ്.ഐയ്‌ക്ക് മനോവൈകൃതം- സക്കറിയ |
തിരുവനന്തപുരം: കഴിഞ്ഞദിവസം പയ്യന്നൂരില്‍ത്തന്നെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മനോവൈകൃതമാണെന്ന് എഴുത്തുകാരന്‍ സക്കറിയ പ്രതികരിച്ചു. ഒരു പ്രസംഗത്തെ നേരിടേണ്ടത് ഗുണ്ടകളെക്കൊണ്ടാണെന്ന മനോനിലയിലാണ് സി.പി.എം അതിന്റെ യുവജന വിഭാഗത്തെ പരിപോഷിപ്പിക്കുന്നതെങ്കില്‍ ആ പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സക്കറിയ വ്യക്തമാക്കി. ബലപ്രയോഗം കൊണ്ട് കാര്യങ്ങളൊക്കെ ശരിയാക്കും എന്ന മട്ടിലാണ് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്. ഇതൊരുതരം മനോവൈകൃതവും ഫാഷിസ്റ്റ് സമീപനവുമാണ്. ഇത്തരക്കാര്‍ക്ക് ഒരുതരത്തിലുള്ള ബൗദ്ധിക വളര്‍ച്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇനിയും സി.പി.എം അധികാരത്തില്‍ വരും. അപ്പോള്‍ തീര്‍ച്ചയായും ഈ ഗുണ്ടകളുടെ പ്രതിനിധികളും എം.എല്‍.എയും മന്ത്രിയുമൊക്കെയാകും. ഒരു മുന്‍ എം.പി. യുടെ മകനാണ് എന്റെ കഴുത്തിനുപിടിച്ചത്. അതിന്റെ പേരില്‍ അയാള്‍ക്കൊരു സ്ഥാനം കിട്ടുമെങ്കില്‍ ആയിക്കോട്ടെ. പക്ഷേ ഇത്തരമൊരു മാനസിക നിലയാണ് സി.പി.എം വച്ചുപുലര്‍ത്തുന്നതെങ്കില്‍ ആ പ്രസ്ഥാനത്തിന്റെ ഭാവിയെന്താകും - സക്കറിയ ചോദിച്ചു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ശനിയാഴ്‌ച വൈകീട്ട് നടന്ന പുസ്‌തക പ്രകാശനച്ചടങ്ങില്‍ സക്കറിയ നടത്തിയ പ്രസംഗമാണ് ഡി.വൈ.എഫ്.ഐക്കാരെ പ്രകോപിപ്പിച്ചത്. '' പ്രസംഗത്തിന്റെ അവസാനഭാഗത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്ന പ്രസ്ഥാനമാണിത്. ആധുനികതയോടും ലൈംഗികതയോടും തുറന്ന സമീപനമായിരുന്നു ഈ പ്രസ്ഥാനത്തിന്‍േറത്. സ്‌ത്രീ-പുരുഷ ബന്ധത്തോട് ഒരിക്കലും ഇടുങ്ങിയ സദാചാരം അത് പുലര്‍ത്തിയിരുന്നില്ല. ആ പ്രസ്ഥാനമാണ് ഇപ്പോള്‍ ഒരു പുരുഷന്റെയും സ്‌ത്രീയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് പെരുമാറുന്നത്. കമ്മ്യൂണിസം കൊണ്ടുവന്ന പുരോഗമന, വിശാല ലോക വീക്ഷണങ്ങള്‍ക്ക് വിരുദ്ധമാണിത്. അപ്രകാരം പെരുമാറുന്ന പ്രസ്ഥാനത്തിന് എന്തോ അപചയം സംഭവിച്ചിട്ടുണ്ട്. തീര്‍ച്ചയായും കമ്മ്യൂണിസം തകരുന്നത് ഈ നാടിന് നല്ലതല്ല. കമ്മ്യൂണിസം സ്വയം നവീകരണത്തിന് വിധേയമാകണം. ഇടതുപക്ഷത്തിന് ഇവിടെ ശക്തമായൊരു ഇടമുണ്ട്....ഇതായിരുന്നു എന്റെ പ്രസംഗത്തിന്റെ സത്ത. പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന പു.ക.സ പ്രവര്‍ത്തകന്‍ എന്നോട് മോശമായി സംസാരിച്ചു. തുടര്‍ന്ന് ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന കുറേ ആള്‍ക്കാര്‍ എന്നെ തടഞ്ഞുവെയ്‌ക്കുകുയും മുന്‍ എം.പിയുടെ മകന്‍ കഴുത്തിനു പിടിക്കുകയും ചെയ്‌തു - സക്കറിയ പറഞ്ഞു. |